അപ്പൊ. പ്രവൃത്തികൾ 27:27-44

അപ്പൊ. പ്രവൃത്തികൾ 27:27-44 വേദപുസ്തകം

പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു. നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു. അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു. വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു. നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി. ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി. തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.