അപ്പൊ. പ്രവൃത്തികൾ 21:10-20

അപ്പൊ. പ്രവൃത്തികൾ 21:10-20 വേദപുസ്തകം

ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു. അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു. പിറ്റെന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.