അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു. പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു. എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു. അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു. എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു. ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു. ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി. ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു. ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 19
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 19:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ