2. പത്രൊസ് 3:11-18

2. പത്രൊസ് 3:11-18 വേദപുസ്തകം

ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.