2. പത്രൊസ് 1:5-15

2. പത്രൊസ് 1:5-15 വേദപുസ്തകം

അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ. ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ. അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും. അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു. നിങ്ങൾ അതു എന്റെ നിര്യാണത്തിന്റെശേഷം എപ്പോഴും ഓർത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.