2. രാജാക്കന്മാർ 2:7-15

2. രാജാക്കന്മാർ 2:7-15 വേദപുസ്തകം

പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തുനിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു. അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു. അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. അതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു. യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.