1. തെസ്സലൊനീക്യർ 2:1-9

1. തെസ്സലൊനീക്യർ 2:1-9 വേദപുസ്തകം

സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല. ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല; ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു. സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.