1. ശമൂവേൽ 17:20-31

1. ശമൂവേൽ 17:20-31 വേദപുസ്തകം

അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു. അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി. എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു. അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു. അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൗലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.