1. പത്രൊസ് 2:1-9

1. പത്രൊസ് 2:1-9 വേദപുസ്തകം

ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.” അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു. നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.