1. യോഹന്നാൻ 3:11-20

1. യോഹന്നാൻ 3:11-20 വേദപുസ്തകം

നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ. സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക. നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.