രൂത്ത് 2:15-20

രൂത്ത് 2:15-20 IRVMAL

അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്‍റെ ബാല്യക്കാരോടു: “അവൾ കറ്റകളുടെ ഇടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ, അവളെ ശകാരിക്കരുത്. കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കേണം, അവളെ ശാസിക്കരുത്” എന്നും കല്പിച്ചു. ഇങ്ങനെ അവൾ വൈകുന്നേരം വരെ പെറുക്കി. അത് മെതിച്ചപ്പോൾ ഏകദേശം പന്ത്രണ്ട് കിലോഗ്രാം ഉണ്ടായിരുന്നു. അവൾ അത് എടുത്തുകൊണ്ട് പട്ടണത്തിലേക്ക് പോയി. അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു. താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു. അമ്മാവിയമ്മ അവളോടു: “നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവ് കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്ന് വേല ചെയ്തത് എന്നു അവൾ പറഞ്ഞു. നൊവൊമി മരുമകളോട്: “ജീവനുള്ളവരോടും മരിച്ചവരോടും ദയ കാണിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു. “അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു” എന്നും നൊവൊമി അവളോടു പറഞ്ഞു.