സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. അതുപോലെ തന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവ് വിശുദ്ധർക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.
റോമ. 8 വായിക്കുക
കേൾക്കുക റോമ. 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമ. 8:22-39
28 ദിവസം
ബൈബിള്‍ പ്രോജെക്റ്റ് ആഗമന ധ്യാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് യേശുവിന്റെ ആഗമനം അഥവാ വരവിനെ ആഘോഷിക്കുന്നതിനായി വ്യക്തികളേയും ചെറിയ സംഘങ്ങളേയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. നാല് ആഴ്ചകളുടെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവരെ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നിവയുടെ ബൈബിള്‍ പരമായ അര്‍ത്ഥത്തെ പര്യവേഷണം ചെയ്യുവാന്‍ സഹായിക്കുന്നതിനായി ആനിമേറ്റഡ് വീഡിയോകളും ലഘു സംഗ്രഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ