റോമ. 2:5-16
റോമ. 2:5-16 IRVMAL
എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു. അവൻ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്‍റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജനതകൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ.

