റോമ. 11:25-36
റോമ. 11:25-36 IRVMAL
സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജനതകൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ. എന്തെന്നാൽ ദൈവത്തിന്‍റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്‍റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.

