റോമ. 11:11-24

റോമ. 11:11-24 IRVMAL

എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജനതകൾക്ക് രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജനതകൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജനതകളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്‍റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു; അത് ഒരുപക്ഷേ ഞാൻ എന്‍റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ. അവരുടെ തിരസ്കരണം ലോകത്തിന്‍റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്‍റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്‍റെ ദയയും കാഠിന്യവും കാൺക; ഒരു വശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്‍റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്‍റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്‍റെ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യെഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.

റോമ. 11:11-24 - നുള്ള വീഡിയോ