റോമ. 1:1-17

റോമ. 1:1-17 IRVMAL

ദൈവത്തിന്‍റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സുവിശേഷം, ദൈവം തന്‍റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്. ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. മനുഷ്യനെന്ന നിലയിൽ ദാവീദിന്‍റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്നു ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്‍റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്. അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്‍റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്‍റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി. നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

റോമ. 1:1-17 - നുള്ള വീഡിയോ