വെളി. 8:6-13

വെളി. 8:6-13 IRVMAL

ഏഴു കാഹളങ്ങളുള്ള ഏഴു ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു. ഒന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ രക്തം കലർന്ന കൽമഴയും തീയും ഭൂമിയിൽ പതിച്ചു; ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. രണ്ടാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്കു വീണിട്ട് കടൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ ജീവനുണ്ടായിരുന്ന സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു നശിച്ചുപോയി. മൂന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും വീണു. ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു. കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നും ചന്ദ്രനിൽ മൂന്നിലൊന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നും ബാധിക്കപ്പെട്ടു; അതുകൊണ്ട് അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി; മൂന്നിലൊന്നു പകലും മൂന്നിലൊന്നു രാവും വെളിച്ചമില്ലാതെയായി. ഇനിയും ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം നിമിത്തം ഭൂമിയിൽ ജീവിക്കുന്നവർക്ക് കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറന്നുകൊണ്ടിരിക്കുന്ന ഒരു കഴുകനെ ഞാൻ കാണുകയും അതിന്‍റെ ശബ്ദം കേൾക്കുകയും ചെയ്തു.