വെളി. 3:7-15
വെളി. 3:7-15 IRVMAL
ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്കു അല്പം ശക്തി മാത്രമേയുള്ളൂ എങ്കിലും നീ എന്‍റെ വചനം അനുസരിച്ചു, എന്‍റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല. ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്‍റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്‍റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും. ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്‍റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും. ഞാൻ വേഗം വരുന്നു; നിന്‍റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക. ജയിക്കുന്നവനെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്‍റെ ദൈവത്തിന്‍റെ പേരും എന്‍റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നെ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിൻ നഗരത്തിന്‍റെ പേരും എന്‍റെ പുതിയ പേരും ഞാൻ അവന്‍റെമേൽ എഴുതും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.


