സങ്കീ. 18:31-42

സങ്കീ. 18:31-42 IRVMAL

യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; എന്‍റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു. അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.