എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്‍റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും. മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്‍റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോട് നിലവിളിച്ചു; അവിടുന്ന് തന്‍റെ മന്ദിരത്തിൽ ഇരുന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവിടുത്തെ ചെവിയിൽ എത്തി. ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. ദൈവം കെരൂബിനെ വാഹനമാക്കി പറന്നു; കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. ദൈവം അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, അവിടുത്തെ ശാസനയാലും അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു. എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും ദൈവത്തിന്‍റെ ദൃഷ്ടിയിൽ എന്‍റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
സങ്കീ. 18 വായിക്കുക
കേൾക്കുക സങ്കീ. 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 18:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ