സങ്കീ. 119:9-20

സങ്കീ. 119:9-20 IRVMAL

ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു.