സങ്കീ. 107:23-43

സങ്കീ. 107:23-43 IRVMAL

കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു. അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി. അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു. അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു. ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു. അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ ജനത്തിന്‍റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ. നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ടനിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി. ദൈവം മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല. പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരാക്കുകയും ചെയ്യുന്നു. കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്‍റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി. നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും. ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.