സങ്കീ. 103:1-12

സങ്കീ. 103:1-12 IRVMAL

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു. നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്‍റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. ദൈവം തന്‍റെ വഴികൾ മോശെയെയും തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.