സദൃ. 19:1-15
സദൃ. 19:1-15 IRVMAL
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.

