ഫിലി. 4:1-9

ഫിലി. 4:1-9 IRVMAL

അതുകൊണ്ട്, എന്‍റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, പ്രിയമുള്ളവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ. കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു. സാക്ഷാൽ എന്‍റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു. കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ. എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

ഫിലി. 4:1-9 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും