ഫിലി. 3:4-14

ഫിലി. 3:4-14 IRVMAL

എന്നിരുന്നാലും, എനിക്ക് ജഡത്തിലും ആശ്രയിക്കുവാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്ക് അധികം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ; ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ. എങ്കിലും എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം നഷ്ടം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം നഷ്ടം എന്നു എണ്ണുന്നു. അവനുവേണ്ടി ഞാൻ എല്ലാ നഷ്ടവും അനുഭവിക്കുകയും, ക്രിസ്തുവിനെ നേടേണ്ടതിനും, ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച്, അവനിൽ ഇരിക്കേണ്ടതിനും, അവന്‍റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു. ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.