ഫിലി. 2:19-30
ഫിലി. 2:19-30 IRVMAL
എന്നാൽ നിങ്ങളുടെ അവസ്ഥ അറിഞ്ഞിട്ട് ഞാൻ ഉന്മേഷവാനാകേണ്ടതിന്, തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്നു കർത്താവായ യേശുവിൽ ആശിക്കുന്നു. എന്തുകൊണ്ടെന്നാൽ നിങ്ങൾക്കുവേണ്ടി പരമാർത്ഥമായി കരുതുവാൻ അവനെപ്പോലെ എനിക്ക് മറ്റാരുമില്ല. യേശുക്രിസ്തുവിന്‍റെ കാര്യമല്ല സ്വന്ത കാര്യമല്ലോ എല്ലാവരും നോക്കുന്നത്. എന്നാൽ ഒരു മകൻ തന്‍റെ അപ്പനെ ശുശ്രൂഷിക്കുന്നതുപോലെ, എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്ത് അവൻ യോഗ്യനെന്ന് തെളിയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ എന്‍റെ കാര്യം എങ്ങനെ ആകും എന്നു അറിയുന്ന ഉടനെ ഞാൻ അവനെ അയക്കുവാൻ ആശിക്കുന്നു. എന്നിരുന്നാലും ഞാൻ വേഗം വരും എന്നു കർത്താവിൽ ഉറച്ചിരിക്കുന്നു. എന്നാൽ എന്‍റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ആവശ്യത്തിൽ ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് അനിവാര്യം എന്നു എനിക്ക് തോന്നി. എന്തുകൊണ്ടെന്നാൽ, അവൻ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുവാൻ വാഞ്ചിച്ചും, താൻ രോഗിയായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ട് വ്യസനിച്ചുമിരുന്നു. അവൻ രോഗംപിടിച്ച് മരിക്കാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോട് കരുണചെയ്തു; അവനോട് മാത്രമല്ല, എനിക്ക് ദുഃഖത്തിന്മേൽ ദുഃഖം വരാതിരിക്കുവാൻ എന്നോടും കരുണചെയ്തു. ആകയാൽ നിങ്ങൾ അവനെ വീണ്ടും കാണുമ്പോൾ സന്തോഷിക്കുവാനും, എനിക്ക് ദുഃഖം കുറയുവാനും ഞാൻ അവനെ അധികം താല്പര്യത്തോടെ അയച്ചിരിക്കുന്നു. കർത്താവിൽ അവനെ പൂർണ്ണസന്തോഷത്തോടെ സ്വീകരിക്കുവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിതരായി കരുതുവിൻ. എന്തെന്നാൽ എനിക്ക് വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയിലുള്ള കുറവ് തീർക്കുവാനായി അവൻ തന്‍റെ പ്രാണനെ അപകടത്തിലാക്കി, ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയി.

