അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത് “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കേണം. രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കേണം. രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്‍റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കേണം. എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്‍റെ പാപം വഹിക്കേണം. നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കേണം. തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സമാഗമനകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു. അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു. മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും. യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും. മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു. ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും. ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും. രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും. യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
സംഖ്യ. 9 വായിക്കുക
കേൾക്കുക സംഖ്യ. 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യ. 9:9-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ