സംഖ്യ. 14:1-9

സംഖ്യ. 14:1-9 IRVMAL

അപ്പോൾ സഭ ആസകലം തീവ്ര ദു:ഖത്താൽ ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രിമുഴുവനും കരഞ്ഞു. യിസ്രായേൽ മക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ആസകലം അവരോട്: “മിസ്രയീമിൽ വച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്നു പറഞ്ഞു. ”നാം ഒരു നായകനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിൻ്റെയും മുമ്പിൽ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്‍റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും. യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.