മർക്കൊ. 9:30-41

മർക്കൊ. 9:30-41 IRVMAL

അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. കാരണം അവൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചതെന്ത്? എന്നു ശിഷ്യന്മാരോട് ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്‍റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട് പറഞ്ഞു: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു. അതിന് യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്‍റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ. നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.