മർക്കൊ. 9:2-10
മർക്കൊ. 9:2-10 IRVMAL
ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്‍റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി. അപ്പോൾ ഏലിയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു. പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു. താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോടു കല്പിച്ചു. ‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.

