മർക്കൊ. 9:1-8
മർക്കൊ. 9:1-8 IRVMAL
പിന്നെ യേശു അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്‍റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി. അപ്പോൾ ഏലിയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു. പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു. താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

