മത്താ. 9:1-13
മത്താ. 9:1-13 IRVMAL
അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി. അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്‍റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ ശാസ്ത്രിമാരിൽ ചിലർ: “ഇവൻ ദൈവദൂഷണം പറയുന്നു“ എന്നു പരസ്പരം പറഞ്ഞു. യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി. പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി. യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അത് കണ്ടു അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു. യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു.

