മത്താ. 6:1-13

മത്താ. 6:1-13 IRVMAL

മനുഷ്യർ കാണേണ്ടതിനായി നിങ്ങളുടെ നീതിപ്രവൃത്തികൾ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ; അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്‍റെ പക്കൽനിന്നും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയില്ല. ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്‍റെ മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നീയോ ദാനം ചെയ്യുമ്പോൾ നിന്‍റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന് വലതു കൈ ചെയ്യുന്നതു എന്ത് എന്നു ഇടതുകൈ അറിയരുത്. രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർ കാണേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നു; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ വ്യർത്ഥവാക്കുകൾ ആവർത്തിക്കരുത്; അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്. അവരോട് തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; അങ്ങേയുടെ രാജ്യം വരേണമേ; അങ്ങേയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ; പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ.