മത്താ. 4:13-22
മത്താ. 4:13-22 IRVMAL
നസറെത്ത് വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു താമസിക്കുകയും ചെയ്തു; “സെബൂലൂൻ ദേശത്തും നഫ്താലിദേശത്തും കടല്ക്കരയിലും യോർദ്ദാനക്കരെയുള്ള നാടുകളിലും ജനതകളുടെ ഗലീലയിലും ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്ക് പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ കാരണമായി. അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി. യേശു ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്‍റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു. യേശു അവരോട് പറഞ്ഞു. എന്‍റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു പോയപ്പോൾ സെബെദിയുടെ മകൻ യാക്കോബും അവന്‍റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. അവരും ഉടൻ തന്നെ പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു.

