മത്താ. 3:10-17

മത്താ. 3:10-17 IRVMAL

ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്‍റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്‍റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്‍റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ നദിയിൽ അവന്‍റെ അടുക്കൽ വന്നു. യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിയ്ക്കുന്നത് നമുക്കു ഉചിതം എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്‍റെമേൽ പ്രകടമാകുന്നതും അവൻ കണ്ടു; ശ്രദ്ധിക്കുക, ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.