മത്താ. 26:47-56

മത്താ. 26:47-56 IRVMAL

അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ“ എന്നു പറഞ്ഞു. ഉടനെ അവൻ യേശുവിന്‍റെ അടുക്കൽ വന്നു: “വന്ദനം റബ്ബീ“ എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും. എന്‍റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.