മത്താ. 25:19-30
മത്താ. 25:19-30 IRVMAL
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അവന്‍റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു. പിന്നീട് ഒരു താലന്തു ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ് ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്തു നിലത്തു മറച്ചുവച്ചു; ഇതാ, നിനക്കു അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു. അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്‍റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്‍റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആകയാൽ ആ താലന്തു അവന്‍റെ പക്കൽനിന്ന് എടുത്തു പത്തു താലന്തു ഉള്ളവന് കൊടുക്കുവിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും. എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.


