മത്താ. 24:15-50

മത്താ. 24:15-50 IRVMAL

അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നുംതന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്; വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്നു ഉണ്ടാകും. ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും. അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും. ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും. എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും. ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്‍റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും. അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്ത് പ്രകടമാകും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും. അവൻ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടും കൂടെ അയയ്ക്കും; അവർ അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്‍റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശനകവാടത്തിൽ തന്നെ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആ ദിവസമോ സമയമോ സംബന്ധിച്ച് എന്‍റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെ തന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവിലും. ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നെ ആകും. അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും. രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും. അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്‍റെ വീട് മുറിച്ചു കടക്കാതിരിക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. എന്നാൽ യജമാനൻ തന്‍റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ട് പറഞ്ഞു, കൂട്ട് ദാസന്മാരെ അടിക്കുവാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു