മത്താ. 24:1-8
മത്താ. 24:1-8 IRVMAL
യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു. അവൻ അവരോട് മറുപടി പറഞ്ഞത്:ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്‍റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്‍റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അത് അവസാനമല്ല; ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ.


