യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു. അവൻ അവരോട് മറുപടി പറഞ്ഞത്:ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്‍റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്‍റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അത് അവസാനമല്ല; ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ. അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്‍റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും. അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്‍റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നുംതന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്; വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്നു ഉണ്ടാകും. ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും. അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും. ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും. എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും. ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്‍റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും. അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്ത് പ്രകടമാകും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും. അവൻ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടും കൂടെ അയയ്ക്കും; അവർ അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്‍റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
മത്താ. 24 വായിക്കുക
കേൾക്കുക മത്താ. 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 24:1-31
15 ദിവസം
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ