മത്താ. 24:1-22
മത്താ. 24:1-22 IRVMAL
യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു. അവൻ അവരോട് മറുപടി പറഞ്ഞത്:ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്‍റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്‍റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അത് അവസാനമല്ല; ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ. അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്‍റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും. അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്‍റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നുംതന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്; വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്നു ഉണ്ടാകും. ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും.


