മലാ. 3:1-5

മലാ. 3:1-5 IRVMAL

“എനിക്ക് മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്ന് തന്‍റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്ക് സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആര്‍ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്‍റെ തീപോലെയും അലക്കുന്നവരുടെ കാരംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയുടെ വഴിപാട് യഹോവയ്ക്കു അർപ്പിക്കും. അന്ന് യെഹൂദയുടെയും യെരൂശലേമിന്‍റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ വർഷങ്ങളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും. “ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.