തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: ”സർപ്പസന്തതികളേ, വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല. മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ”എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു പുരുഷാരം അവനോട് ചോദിച്ചു. അതിന് ഉത്തരമായി അവൻ: ”രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ” എന്നു ഉത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ”ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?” എന്നു അവനോട് ചോദിച്ചു. ”നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്” എന്നു അവൻ പറഞ്ഞു. പടയാളികൾ അവനോട്: ”ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു ചോദിച്ചതിന്: ”ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ടു തൃപ്തിപ്പെടുക” എന്നു അവരോട് പറഞ്ഞു. എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു. യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ”ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്‍റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി. അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.
ലൂക്കൊ. 3 വായിക്കുക
കേൾക്കുക ലൂക്കൊ. 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 3:7-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ