ലേവ്യ. 16:1-19

ലേവ്യ. 16:1-19 IRVMAL

അഹരോന്‍റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ട് മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്‍റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്നു അവനോട് പറയേണം. “പാപയാഗത്തിന് ഒരു കാളക്കിടാവിൻ്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽ കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽ കൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽ കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അവ ധരിക്കേണം. അവൻ യിസ്രായേൽ മക്കളുടെ സഭയുടെ പക്കൽനിന്ന് പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. “തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവയ്ക്ക് എന്നു ഒരു ചീട്ടും അസസ്സേലിന് എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം. യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. “പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അറുക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിൻ്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറയ്ക്കുവാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ട് കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്‍റെ വിരൽകൊണ്ട് കൃപാസനത്തിൻ്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. “പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്‍റെ രക്തംകൊണ്ടും ചെയ്തു രക്തം കൃപാസനത്തിന്മേലും കൃപാസനത്തിൻ്റെ മുമ്പിലും തളിക്കേണം. യിസ്രായേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ട് പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്‍റെ രക്തവും കുറേശ്ശെ എടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽ മക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.