യോശുവ 8:24-29

യോശുവ 8:24-29 IRVMAL

യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായി പട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്‍റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു. അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായി പട്ടണക്കാർ ആകെ പന്തീരായിരം പേർ. ഹായി പട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല. യഹോവ യോശുവയോട് കല്പിച്ചപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു. പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു. ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്‍ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.