യോശുവ 6:1-16
യോശുവ 6:1-16 IRVMAL
എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരീഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല. യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം; ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.” നൂന്‍റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്നു പറഞ്ഞു. ജനത്തോട് അവൻ: “നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം” എന്നു പറഞ്ഞു. യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്‍റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽ നിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്നു കല്പിച്ചു. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു. യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്‍റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നെ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു.


