അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ കനാൻ ദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും യിസ്രായേൽ ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞത്: “യഹോവ ഞങ്ങൾക്ക് പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽപ്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ?” അപ്പോൾ യിസ്രായേൽ മക്കൾ തങ്ങളുടെ അവകാശത്തിൽ നിന്ന് യഹോവയുടെ കല്പനപ്രകാരം താഴെപ്പറയുന്ന പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു. കെഹാത്യകുടുംബങ്ങൾക്ക് നറുക്കു വീണതനുസരിച്ച് പുരോഹിതനായ അഹരോന്‍റെ പിൻഗാമികളായ ലേവ്യർക്ക് യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമൂന്ന് പട്ടണങ്ങൾ കിട്ടി. കെഹാത്തിന്‍റെ ശേഷം മക്കൾക്ക് എഫ്രയീം ഗോത്രത്തിലും ദാൻ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തു പട്ടണങ്ങൾ കിട്ടി. ഗേർശോന്‍റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർ ഗോത്രത്തിലും നഫ്താലി ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി. മെരാരിയുടെ മക്കൾക്ക് കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ട് പട്ടണങ്ങൾ ലഭിച്ചു. അങ്ങനെ യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു. അവർ യെഹൂദാ ഗോത്രത്തിൽ നിന്നും ശിമെയോൻ ഗോത്രത്തിൽ നിന്നും താഴെ പറയുന്ന പട്ടണങ്ങൾ കൊടുത്തു. അവ ലേവിഗോത്രത്തിലെ കെഹാത്യരുടെ കുടുംബങ്ങളിലെ അഹരോന്‍റെ മക്കൾക്കു ലഭിച്ചു. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വീണത്. യെഹൂദാമലനാട്ടിൽ അനാക്കിന്‍റെ അപ്പനായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ്ബ എന്നു പേരുള്ള ഹെബ്രോനും അതിനുചുറ്റുമുള്ള പുല്പുറങ്ങളും അവർക്ക് കൊടുത്തു. എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. പുരോഹിതനായ അഹരോന്‍റെ മക്കൾക്ക് ലഭിച്ച അവകാശം: കൊല ചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്‍റെ പുല്പുറങ്ങളും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും അതിന്‍റെ പുല്പുറങ്ങളും എസ്തെമോവയും അതിന്‍റെ പുല്പുറങ്ങളും ഹോലോനും അതിന്‍റെ പുല്പുറങ്ങളും ദെബീരും അതിന്‍റെ പുല്പുറങ്ങളും അയീനും അതിന്‍റെ പുല്പുറങ്ങളും യുത്തയും അതിന്‍റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്‍റെ പുല്പുറങ്ങളും. ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒമ്പതു പട്ടണങ്ങളും അവർക്ക് ലഭിച്ചു. ബെന്യാമീൻ ഗോത്രത്തിൽ നിന്ന് ഗിബെയോനും അതിന്‍റെ പുല്പുറങ്ങളും ഗേബയും അതിന്‍റെ പുല്പുറങ്ങളും അനാഥോത്തും അതിന്‍റെ പുല്പുറങ്ങളും അൽമോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങളും. അഹരോന്‍റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
യോശുവ 21 വായിക്കുക
കേൾക്കുക യോശുവ 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 21:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ