യോഹ. 20:11-19

യോഹ. 20:11-19 IRVMAL

എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി. യേശുവിന്‍റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ടു. അവർ അവളോട്: “സ്ത്രീയേ, നീ കരയുന്നത് എന്ത്?“ എന്നു ചോദിച്ചു. “അവർ എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞാൻ അറിയുന്നില്ല“ എന്നു അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ടു; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു“ എന്നു ചോദിച്ചു. അതു തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: “യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം“ എന്നു അവനോട് പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ടു” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു. ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.