ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്‍റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്‍റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്‍റെ അടുക്കൽ വരുന്നു; എന്‍റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു. ഞാൻ അവർക്ക് നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു. നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
യോഹ. 17 വായിക്കുക
കേൾക്കുക യോഹ. 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 17:11-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ